29.11.11

കയ്യെത്തും ദൂരത്ത്…ഭാഗം 2 (In a Reachable Distance…Part 2)

ശാന്തിപ്രിയ

ഓണക്കാലത്തായിരുന്നു ഇത്തവണ നാട്ടില്‍ എത്തിയത്. തറവാട്ടില്‍ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്. സന്ധ്യ മയങ്ങുന്നത് വരെ കുട്ടികള്‍ ഓട്ടവും ചാട്ടവും കളികളുമായി പറമ്പിലും തൊടിയിലും പറന്നു നടന്നു. സന്ധ്യകഴിഞ്ഞപ്പോള്‍ അവര്‍ ഡി വി ഡി പ്ലെയറിന് മുന്പിനല്‍ ഇരുന്നു. ഏതു സിനിമ വയ്ക്കണം. തർക്കം വന്നപ്പോള്‍ എല്ലാവരും കൂട്ടത്തില്‍ ചെറിയവനായ മോനോട് ചോദിച്ചു. അവന്‍ തീരുമാനിച്ചു: “ഓം ശാന്തി ഓം.” ദീപികയുടെ ആദ്യത്തെ സിനിമ ആയിരുന്നോ അത്..? ആവോ.
ഏഴാമത്തെ തവണയാണ് അവന്‍ ഈ സിനിമ കാണുന്നത്.എങ്കിലും ഒരവസരം കിട്ടിയാല്‍ വീണ്ടും അതുതന്നെ എടുക്കും.ഇത്തവണ കുട്ടികളെ നിരാശരാക്കിക്കൊണ്ട് ഇടയ്ക്കുവച്ച് ഡി വി ഡി പ്ലെയര്‍ പ്രവത്തനം നിർത്തി. മോന്‍ ഓടിവന്നു ഒരു കിണ്ണു കിണ്ണി:
“അച്ഛന്‍ പൊളി ടെക്നിക്കിലൊക്കെ പഠിച്ചിട്ടുള്ളതല്ലേ, ഇതൊന്നു നന്നാക്കി തരുമോ...?”
ഞാന്‍ പറഞ്ഞു:
“മകനേ, ദേ നോക്കിയേ, ഈ ഡി വി ഡി ടെക്നിക്ക് പഠിപ്പിച്ച ദിവസ്സം അച്ഛന്‍ ചിക്കന്‍ ഗുനിയ ബാധിച്ച് കിടപ്പിലായിരുന്നു. എല്ലാവരുടെയും മുന്നില്‍ വച്ച് നീ ഇതൊരു ഇഷ്യു ആക്കരുത്, പ്ലീസ്...”
അപ്പോഴാണ്‌ കൊച്ചമ്മാവന്റെ മകന്‍ ബിജു അങ്ങോട്ട്‌ കയറി വന്നത്. ബിജു പെരുമ്പാവൂ മാർ ക്കറ്റില്‍ റബ്ബര്‍ തടിയുടെ ബിസ്സിനസ്സ്‌ ചെയ്യുന്നു. കൂടെ ഭാര്യ ശാന്തിയും മൂത്ത മകള്‍ ഹരിപ്രിയയും ഇളയ മകള്‍ വിഷ്ണുപ്രിയയും ഉണ്ട്. ഞാന്‍ അവനുമായി കുശലപ്രശ്നം നടത്തുന്നതിനിടയില്‍ കുട്ടികളുടെ പേരുകളെക്കുറിച്ചു ചോദിച്ചു:
“നിന്റെ പ്രിയ പുത്രികളില്‍ ഒരാള്‍ക്ക്  ‌ ഹരിപ്രിയ എന്നും ഒരാള്‍ക്ക്  ‌ വിഷ്ണുപ്രിയ എന്നും പേരിട്ടത് എന്തുകൊണ്ടാണ്...? അല്ല, ഈ ഹരിയും വിഷ്ണുവും ഒരാള്‍ തന്നെയല്ലേ..?”
ആരെയും മുഷിപ്പിയ്ക്കാതെ സംസാരിയ്ക്കാന്‍ വശമുള്ള ബിജു പറഞ്ഞു:
“സംഭവം ഒക്കെ ഒന്ന് തന്നെയാ ചേട്ടാ..രണ്ടുപേർക്കും  പ്രിയ എന്നിടാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഒരു സൌകര്യത്തിനു വേണ്ടി ഇങ്ങനെ അങ്ങ്  ഇട്ടു എന്നേയുള്ളൂ, അല്ലാതെ...”
അവന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇതിനൊരു തീരുമാനം ഉണ്ടാക്കാതെ പിന്മാറാനും തയ്യാറല്ലായിരുന്നു.
“നിനക്ക് വേണമെങ്കില്‍ പ്രിയയുടെകൂടെ ശാന്തിയെക്കൂടി ചേർത്ത് ശാന്തിപ്രിയ എന്നും ബിജുവിനെക്കൂടി ചേർത്ത് ബിജുപ്രിയ എന്നും....വേണ്ട, അത് ശരിയാകില്ല....”
ഒരു സിസ്റ്റം കോണ്ഫ്ലിക്റ്റിന്റെ മണം വന്നത് കൊണ്ട് എന്റെ വാക്കുകള്‍ മുറിഞ്ഞു...അവന്‍ അവിടെ കയറി തൂങ്ങി:
“അല്ല, കുറച്ചുകാലമായി ചോദിയ്ക്കണം എന്ന് വിചാരിയ്ക്കുന്നു. ചേട്ടന്‍ ഈ പേരുകളുടെ ചുറ്റും കിടന്നു മല്പിവടിത്തം തുടങ്ങിയിട്ട് കുറെ നാളായല്ലോ. കഴിഞ്ഞ തവണ കണ്ടപ്പോള്‍ ബിജു എന്ന വാക്കിന്റെ ശ്രീലങ്കന്‍ ഭാഷയിലുള്ള അർധം  പറഞ്ഞ് എന്നെ കളിയാക്കിയത് ഞാന്‍ മറന്നിട്ടില്ല.എന്താ ഉദ്ദേശം...?”
ഞാന്‍ ഒന്നും മിണ്ടിയില്ല. ഡി വി ഡി പ്ലെയര്‍ ശരിയാകുന്നില്ല എന്നുറപ്പായപ്പോള്‍ മോന്‍ കരയാന്‍ തുടങ്ങി. പലതും പറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. ഒടുവില്‍ ഒരു പരീക്ഷണം നടത്തിയത് വിജയിച്ചു:
“നമുക്ക് പുഴയോരത്ത് നടക്കാന്‍ പോകാം...”
അവന് അത്യധികം സന്തോഷമുള്ള ഒരു കാര്യമായിരുന്നു അത്.
നേരം ഇരുട്ടിയിരുന്നു. എങ്കിലും ആവോളം ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള ആ നടത്തം എന്നെ ഒരു റൊമാന്റിക് മൂഡിലാക്കി. നിലാവുണ്ട്. ആകാശം നിറയെ നക്ഷത്രങ്ങളും.ദൂരെയൊരു ബംഗ്ലാവില്‍ ക്രിസ്മസ് വിളക്കുകള്‍ കെട്ടി തൂക്കി ഇട്ടിരിയ്ക്കുന്നത് പോലെ തോന്നി. ആകാശത്തിലേയ്ക്ക് കൈ ചൂണ്ടി മോന്‍ ചോദിച്ചു:
“അഛാ.. ഈ നക്ഷത്രങ്ങള്‍ താഴെ വീഴാത്തത് എന്തുകൊണ്ടാണ്...?”
ആകർഷണ വികർഷണ നിയമങ്ങള്‍ പണ്ട് പട്ടപ്പാക്കരന്‍ സാറ് പടിപ്പിച്ചിട്ടുള്ളതാണ്. അതൊക്കെ ലെവന് പറഞ്ഞുകൊടുക്കാന്‍ പോയാല്‍ കുരുത്തംകെട്ട നൂറു സംശയങ്ങള്‍ ചോദിയ്ക്കും. ഈ റൊമാന്റിക് മൂഡ്‌ മാറി ഞാന്‍ വയലന്റാകാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്.
അതിനിടകൊടുക്കാതിരിയ്ക്കാന്‍ ഞാന്‍ ഒരു റെഡി മെയ്ഡ് ഉത്തരം പറഞ്ഞു.
“ഈ നക്ഷത്രങ്ങള്‍ ദൈവത്തിന്റെ വീടിനു ചുറ്റും വള്ളിയില്‍ കെട്ടി തൂക്കി ഇട്ടിരിക്കുകയാണ്...”
ഉടന്‍ വന്നു മറുപടി:
“ഒരു കത്തിയും കൊണ്ട് പോയാല്‍ ആ വള്ളികള്‍ മുറിച്ച് വിടാമായിരുന്നു. ആ നക്ഷത്രങ്ങള്‍ നിലത്ത് വീണാല്‍ എന്ത് ഭംഗിയായിരിക്കും, അല്ലേ...”
മറുത്തെന്തെന്കിലും പറയുന്നത് അവന്റെ് കക്ഷത്തില്‍ തല വച്ചുകൊടുക്കുന്നതിനു തുല്യമായിരുന്നു. അതുകൊണ്ട് ഞാന്‍ തല കുലുക്കി സമ്മതിച്ചു.
അപ്പോള്‍ എന്റെ മനസ്സ് നിറയെ സീനിയര്‍ ആർട്ടിസ്റ്റുകളും ജൂനിയര്‍ ആർട്ടിസ്റ്റുകളും മാത്രമായിരുന്നു. സൂപ്പര്‍ സ്ടാറുകളെക്കുറിച്ചു ഒന്നും ഓർമ്മിച്ചതേയില്ല.!

(തുടർന്നു വായിയ്ക്കുക)

No comments: