13.2.12

കയ്യെത്തും ദൂരത്ത്...ഭാഗം 40 ( In a Reachable Distance…Part 40)


ആഡാമറ്റത്ത്  സോക്രട്ടീസ്

കൊച്ചുതോടും വലിയതോടും സംഗമിയ്ക്കുന്നതിനടുത്തായി, ഒരു കവലയുണ്ട്. കൊച്ചുതോടിനു കുറുകെ ഒരു കോൺക്രീറ്റ് പാലവും. പാലത്തിൽ , ഗവർമെന്റിന്റെ പരിമിതികൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി,  പി ടബ്ലിയൂ ഡി വകയായി, മഞ്ഞക്കളറുള്ള  നാകപ്പലകയിൽ,
 “പത്തു ടണ്ണിൽ കൂടിയ ഭാരം നിരോധിച്ചിരിയ്ക്കുന്നു “ എന്നെഴുതി കെട്ടിത്തൂക്കിയ നിലയിൽ ഒരു ബോർഡ് കിടന്ന് ആടാറുണ്ടായിരുന്നു.
 റോഡ് ആരും ഉണ്ടാക്കണ്ട കാര്യമില്ല. എവിടെയെൻകിലും ഒരു തോടുണ്ടെൻകിൽ അതിന്റെ കരയോടു ചേർന്ന് റോഡ് ഉണ്ടായിക്കോളും. പക്ഷെ  ബ്രിഡ്ജിന്റെ  കാര്യം അങ്ങിനെയല്ല. അതുണ്ടാക്കണമെൻകിൽ സിമന്റും മണലും മേസ്തിരിയും മെയ്ക്കാഡും വേണം. പീ ടബ്ലിയൂ ടി വേണം. പീ ടബ്ലിയൂ ഡി വേണമെൻകിൽ  അണ്ടർസിയറന്മാരും ഓവർസിയറന്മാരും വേണം. നല്ല പടിപ്പും പത്രാസുമുള്ള  എഞ്ചിനീയർമാരു  വേണം. അവർക്കു ശമ്പളം കൊടുക്കുന്ന ഗവർമെന്റും കിമ്പളം കൊടുക്കുന്ന കരാറുകാരും വേണം. അവർ ഇൻസ്പെക്ഷനു വരുമ്പോൾ, കുട ചൂടിച്ചു നിർത്താനും ചവയ്ക്കാനുള്ള ചൂയിഗവും ബബിൾഗവും മറ്റും വായിലിട്ടു കൊടുക്കാനും കാര്യപ്രാപ്തിയുള്ള സുമുഖരായ ചെറുബാല്യക്കാർ വേണം.
പക്ഷെ, റോഡ് ആരും ഉണ്ടാക്കേണ്ട കാര്യമില്ല. അത്, അങ്ങ് ഉണ്ടായിക്കോളും. കൊച്ചുതോടിന്റെ ഇരുകരകളിലുമായി താമസിച്ചുപോന്നിരുന്ന, ഏതു കൊച്ചുകുഞ്ഞിനും അറിയാം, റോഡുകൾ ഉണ്ടാകുന്നതെങ്ങിനെ എന്ന്.  മുഴുത്ത മാറിടവും ചന്ദിയും ഉള്ള പെണ്ണുങ്ങളാണ്, റോഡുപണി തുടങ്ങി വയ്ക്കുന്നത്. തീരെ ചെറിയ മുലകളും, അകത്തേയ്ക്കു തേമ്പിയ ചന്തിയും ഉള്ള പെണ്ണുങ്ങൾ, പൊതുവേ വീട്ടുമുറ്റത്തുള്ള കിണറ്റിൽ നിന്നു വെള്ളം കോരി, അതിനടുത്തായി ചീമക്കൊന്നയിൽ പനയോല മേഞ്ഞ മറപ്പുരകളിൽ നിന്നു കുളിയ്ക്കാനാണ് ഇഷ്ടപ്പെടാറ്.  മറ്റവളുമാർ കുളിയ്ക്കാൻ മുട്ടുമ്പോൾ, കയ്യിൽ കിട്ടുന്ന കുറേ വിഴുപ്പും കക്ഷത്തിൽ വച്ച്, കുറച്ച് ചെമ്പരത്തി ഷാമ്പൂവും പിയേർസ് സോപ്പുമെടുത്ത് ഒരു പോക്കാണ്, തോട്ടിലേയ്ക്ക്. ഇവരിൽ ഭൂരിഭാഗം പെണ്ണൂങ്ങളും എക്സിബിഷനിസം എന്ന മാരകരോഗത്തിന് അടിമകൾ ആയിരുന്നു. ഇവരെ ചികിത്സിച്ചു ഭേദമാക്കുമെന്ന് ദൃഡപ്രതിജ്ഞയും ദൈവനാമത്തിലുള്ള പ്രതിജ്ഞയും എടുത്തു നടന്നിരുന്ന ചില തവളപിടുത്തക്കാർ കടവുകളിൽ നിന്ന് കടവുകളിലേയ്ക്ക്, രോഗികളെ അന്വേഷിച്ച് പദയാത്ര ചെയ്തുവന്നിരുന്നു. ഇന്നു കാണുന്ന, പൊടിപ്പും തൊങ്ങലുമുള്ള കൊടുങ്ങൂർ മണിമല റോഡിന്റെ ബീജവാപം ചെയ്തത് ഈ  ഫ്രോഗ് വേട്ടക്കാരന്മാർ ആണെന്നാണ് ഞങ്ങൾ ഉറച്ചുവിശ്വസിയ്ക്കുന്നത്.
കൊച്ചുതോടിനു കുറുകെ കോൺക്രീറ്റ് പാലം വരുന്നതിനു മുമ്പ്, ഞങ്ങൾ ആ കവലയെ കലാനിലയം കവല എന്നാണ് വിളിച്ചിരുന്നത്. കാരണം ആസ്ഥലത്താണ് ലോകത്തുള്ള സകലമാന യക്ഷികളും മറുതകളും സ:സുഖം വസിച്ചുവന്ന, പോടുപിടിച്ച് ഉള്ളു പൊള്ളയായ ഒരു ജ്യാക്ക്ഫ്രൂട്ട് മരം നിലനിന്നിരുന്നത്. മണിമല ന്യൂ സ്റ്റാർ തീയറ്ററിൽ നിന്ന്  “അവളുടെ രാവുകൾ“ സിനിമയുടെ സെക്കൻഡ് ഷോ കഴിഞ്ഞ് ഞാനും കിഴക്കേമുറിയിലെ പ്രസാദും കൂടി മടങ്ങുമ്പോൾ, വെളുത്ത സാരിയുടുത്ത ഒരു യക്ഷി അവിടെവച്ച്, ഞങ്ങളോട് ചുണ്ണാമ്പു ചോദിച്ചിട്ടുണ്ട്. ഭാഗ്യത്തിന് അന്ന് ഞങ്ങളുടെ കയ്യിൽ ഒരു തരി ചുണ്ണാമ്പുപോലും ഉണ്ടായിരുന്നില്ല. അമ്മച്ചിപ്ലാവിനുചുറ്റും ഉരുത്തിരിഞ്ഞുവന്ന കഥകൾ കോർത്തിണക്കിയാണ്, പിൽക്കാലത്ത് കലാനിലയം സ്ഥിരം നാടകവേദിക്കാര്  “രക്തരക്ഷസ്സ്”  എന്ന പേരിൽ പ്രശസ്തമായ സ്ഥിരം നാടകം രചിച്ചത്.
കോൺക്രീറ്റുപാലം പണി തുടങ്ങിയപ്പോൾ അമ്മച്ചിപ്ലാവ്, മുറിച്ചുമാറ്റേണ്ടി വന്നു. പാലം തീർന്നപ്പോൾ പൌരസമിതിക്കാർ എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു. പണ്ടുണ്ടായിരുന്ന തെങ്ങിന്തടിപ്പാലത്തിൽക്കൂടി നടന്ന്, ആളുകൾ ഒത്ത നടുക്കെത്തുമ്പോൾ, ചുമ്മാ ഷയിൻ ചെയ്യാനായി വല്ലാത്ത ഒരു ആട്ടം ആടുമായിരുന്നു, ആ പാലം. ഇനിയിപ്പോൾ ഇങ്ങനെയൊരു ആട്ടം ഉണ്ടാകും എന്നു പേടിയ്ക്കണ്ട. മാത്രവുമല്ല, മാഡവും മറുതയും ഒക്കെ ഇപ്പോൾ വേറെ ആവാസവ്യവസ്ഥ തേടി പോയിട്ടുണ്ടാവും. അതുകൊണ്ട്, കവലയുടെപേര് ഇനിമുതൽ “ആഡാമറ്റം കവല” എന്ന പേരിൽ അറിയപ്പെടും. അമ്മച്ചിപ്ലാവ് നിന്ന സ്ഥലത്തോടു ചേർന്ന്  “ സമഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് “ എന്ന പേരിൽ  ഡി.വൈ.എഫ്.ഐയുടെ ഒരു യൂണിറ്റ് തുടങ്ങണം.
തുടങ്ങി. ഞങ്ങൾ ഓണത്തിനു നാടൻ പന്തും ക്രിസ്മസ്സിന് കരോളും കുളത്തിൻകൽ മൂർത്തിയുടെ ഉത്സവത്തിന് കുലുക്കിക്കുത്തും കളിച്ചു. കാശുവെച്ചു ചീട്ടുകളിച്ചു. ആ കാശുകൊണ്ടുപോയി പൊടിമറ്റം ഷാപ്പിൽ ബില്ലടച്ചു. പന്തംകൊളുത്തിപ്രകടനങ്ങളും മനുഷ്യമതിൽ പരിപാടികളും നടത്തി. അങ്ങനെ നാടിന്റെ മുഖശ്ചായ മാറി .  കൊച്ചുതോടു സിവിലൈസേഷനേക്കുറിച്ച് റിസേർച്ചു ചെയ്യാൻ അങ്ങ് ശീമയിൽനിന്ന് സായിപ്പന്മാർ വന്നു. വിജയാ രാഘവൻ നായരുടെ കടയിൽ കൂടുതൽ ഉഴുന്നുവടയും സുഹിയനും ഉണ്ടമ്പൊരിയും ഉണ്ടാക്കുന്നതിനായി പാണ്ടിക്കാരെ കൊണ്ടുവന്നു.
പോളീടെക്നിക്ക് പാസ്സായി പൂനായിലോട്ടു തീവണ്ടി കയ്യറുന്നതുവരെ , കഴിയുന്ന വിധത്തിൽ ഞാനും ഇതിലൊക്കെ പൻകെടുത്തിട്ടുണ്ട്. പൂനായിൽ അന്നെനിയ്ക്ക് 700 രൂപ ശമ്പളവും ഒരു ചേരിപ്രദേശത്ത് താമസസൌകര്യവും ഒണ്ടായിരുന്നു. ഇതൊക്കെ എനിയ്ക്കു വെച്ചുനീട്ടിയത്, ഓലിക്കരയിലെ ജോർജ്ജു സാർ ആണ്. ആദ്യമായി അവധിയ്ക്കു നാട്ടിൽ ചെന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. മൂലേപ്ലാവു മണൽപ്പുറത്ത്, ശിവരാത്രിമഹോത്സവം കേമമാക്കാൻ എന്തെൻകിലും കാര്യമായി സംഭാവന കൊടുക്കണം എന്ന് അവർ പറഞ്ഞു. ഞാൻ വല്യകാര്യത്തിൽ ഒരു നൂറുരൂപാനോട്ടെടുത്തു കൊടുത്തിട്ടും അവരുടെ മുഖം തെളിഞ്ഞില്ല. പോളീടെക്നിക്കിലൊക്കെ പടിച്ചതുകൊണ്ട്, എനിയ്ക്ക് അന്നു പാലം പണിയ്ക്കുവന്ന ഓവർസിയറിന്റെ വരുമാനമെൻകിലും കാണും എന്നാണ് അവർ കണക്കുകൂട്ടിയിരുന്നത്. പിരിവുകാർ പോയിക്കഴിഞ്ഞപ്പോൾ പരമകാരുണികനായ സോക്ക്രട്ടീസ് എന്നെ ഒരു മൂലയിലേയ്ക്കു മാറ്റിനിർത്തി പറഞ്ഞു:
 “ നൂറുരൂപ പോലും കൊടുക്കേണ്ടിയിരുന്നില്ല. കൂടിവന്നാൽ ഇവന്മാർ  ശിവരാത്രിയ്ക്ക്, അരവിന്ദാക്ഷമേനോന്റെ ഒരു ബാലേയും മുളമന ഗോവിന്ദൻ നമ്പൂതിരിയുടെ ഒരു മതപ്രസംഗവും വെയ്ക്കും. അതിനുവേണ്ടതിന്റെ  ഇരട്ടി  ഇതിനോടകം പിരിഞ്ഞുകിട്ടിയിട്ടുണ്ട്. ഇതുംകൊണ്ട് ഇവന്മാർ പൊടിമറ്റം ഷാപ്പിലോ, പൊൻകുന്നത്ത് ദൈവസഹായം ബാറിലോ പോകും. “
സമഭാവന ആർട്സ് ആന്ഡ് സ്പോർട്സ് ക്ലബ്ബിന്റെ പിൻഭാഗത്തുള്ള കുന്നിഞ്ചെരുവിലായിരുന്നു  സോക്ക്രട്ടീസിന്റെ വീട്. അന്ന്, തന്റെ നീണ്ടു നിബിഡമായിക്കിടന്ന വെള്ളിത്താടിയിൽ വിരലോടിച്ചുകോണ്ട്,  സോക്ക്രട്ടീസ്   തന്ന ആ ഗൈഡ് ലൈൻ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

(തുടരും)