29.11.11

കയ്യെത്തും ദൂരത്ത്…ഭാഗം 1 (In a Reachable Distance...Part 1)

ചിന്താമണി
 ഇതാ, വേറിട്ട ഒരു ഭാഷ !!!  ഈ ഭാഷയുടെ പ്രത്യേകതകൾ രണ്ടാണ്. ഒന്ന്, പഠിപ്പിയ്ക്കുന്ന അദ്ധ്യാപകർ ആരും ഇല്ല. രണ്ട്, ഈ ഭാഷയുടെ നിയമങ്ങൾ പ്രതിപാദിയ്ക്കുന്ന പുസ്തകങ്ങളും ഇല്ല.അക്ഷരങ്ങളും വാക്കുകളും വ്യാകരണവും അല്ല ആദ്യം പഠിപ്പിയ്ക്കുന്നത്. എനിയ്ക്ക്‌ ഈ അവധിക്കാലം കഴിഞ്ഞു മടങ്ങുമ്പോൾ ഇത്തരമൊരു ഭാഷയെക്കുറിച്ച് ഒരു ക്ളൂ കിട്ടി. അത് നിങ്ങളുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നു. നിമിത്തം, നിയോഗം, ലക്ഷണം, മുഹൂർത്തം, എന്നൊക്കെ കേക്കുന്നത് തന്നെ വെറുപ്പായിരുന്നു, ഒരു കാലത്ത്. അന്നൊക്കെ, കൂർത്ത  വക്കുകളും മൂലകളും ഉള്ള ഒരു പരുക്കൻ പാറക്കല്ല് പോലെയായിരുന്നു മനസ്സ്. നാല്പതു വർഷത്തോളം നീണ്ട ജീവപ്രവാഹത്തിനൊടുവിൽ അതൊരു മിനുമിനുത്ത വെള്ളാരംകല്ലായി. അനാദികാലം മുതൽ ആളുകൾ  തേടിക്കൊണ്ടിരുന്ന ചിന്താമണി പോലുള്ള ഒരു കല്ല്‌! ഇന്നിപ്പോൾ ഞാൻ ഒരു വിശ്വാസി ആണ്. പലതും കണ്ണടച്ച് വിശ്വസിയ്ക്കാൻ ഇപ്പോൾ പ്രയാസ്സമില്ല. ഈ മായിക പ്രപഞ്ചത്തിൽ  സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന എല്ലാ കാര്യങ്ങളുടെയും യുക്തി കണ്ടെത്തണമെന്ന് ശഠിയ്ക്കാറില്ല. നിമിത്തം, നിയോഗം, ലക്ഷണം, മുഹൂർത്തം , എന്നൊക്കെ പറഞ്ഞാൽ കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിയ്ക്കുന്നുണ്ട്. വാക്കുകളില്ലാത്ത ഒരു ഭാഷയിലെ ചിഹ്നങ്ങളാണ് ഇവ.
പ്രകൃതിയുടെ ഭാഷ എന്നോ, ദൈവത്തിന്റെ ഭാഷ എന്നോ നമുക്കിതിനെ വിളിയ്ക്കാം. ഈ ഭാഷ ഏതൊരാൾക്കും   സ്വായത്തമാക്കാൻ പറ്റുമോ..? പറ്റുമായിരിയ്ക്കും. ഈ ഭാഷയിൽ ആശയവിനിമയം നടത്തുമ്പോൾ വാക്കുകളും വ്യാകരണവും മറ്റും തീർത്തും അപ്രസക്തമാണ്. പക്ഷെ ഇതിൽ രസം പിടിപ്പിയ്ക്കുന്ന ഒരു വസ്തുതയുണ്ട്.  ഈ ഭാഷ വശമുള്ള ഓരോരുത്തർക്കും സ്വന്തമായ ഒരു പദസഞ്ചയവും വ്യാകരണ നിയമാവലികളും ഉണ്ടാകും. പക്ഷെ ഇവരൊക്കെയും പ്രക്രതിയുമായി സംവദിയ്ക്കുന്ന ആശയങ്ങൾ ഒരു കംപൈലർ ഉപയോഗിച്ച് അക്കാഡമിക്  ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്‌താൽ, എല്ലാത്തിന്റെയും കാതലായ കാര്യം ഒന്ന് തന്നെയായിരിയ്ക്കും. സന്തുലനം. പ്രപഞ്ചാവസ്തയുടെ സന്തുലനം. ബാലൻസ് ഓഫ് ദി നേച്ചർ...!
കൈ നനയാതെ മീൻ പിടിയ്ക്കാൻ പറ്റില്ലെന്ന് പണ്ടാരോ പറഞ്ഞുവച്ചു. ആദ്യമായി ഈ ആപ്തവാക്യത്തെ ചോദ്യം ചെയ്ത മനുഷ്യന്റെ  ചിന്തകളാവും പില്ക്കാലത്ത്‌ ചൂണ്ടയും നൂലും എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തതിലെയ്ക്കുള്ള വഴി തുറന്നത്. അക്കാഡമിക്  സമ്പ്രദായങ്ങളിലൂടെ ഒരു കാലത്തും എല്ലാ അറിവുകളും എല്ലാവർക്കും ലഭ്യമായിരുന്നില്ല. ഇന്നും ആ സ്ഥിതിയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഓരോരുത്തരും പ്രകൃതിയുടെ ഭാഷ വശമാക്കിയാൽ കൂടുതൽ കൂടുതൽ പ്രപഞ്ച നിയമങ്ങൾ മനസ്സിലാക്കാൻ പറ്റും. ഒരു തുടക്കക്കാരൻ ആദ്യം മനസ്സിലാക്കേണ്ടത് സുരക്ഷാ നിയമങ്ങളാണ്. സുര്ക്ഷാ നിയമങ്ങള്ക്ക്  വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക്‌  തകരാറുണ്ടാക്കിയേക്കാവുന്ന പ്രവണതകൾ ഉണ്ടാകും. പ്രകൃതി സ്വയമേവ ആ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കും. അപ്പോൾ വെള്ളപ്പൊക്കവും പേമാരിയും പകർച്ചവ്യാധികളും ഉണ്ടായി എന്ന് പറഞ്ഞു വേവലാതിപ്പെട്ടിട്ടു കാര്യമില്ല. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം നാം ജീവിയ്ക്കുന്ന ഈ ഭൂമി, മരുഭൂമിയിലെ ഒരു കുഞ്ഞു മണൽത്തരിയേക്കാൾ എത്രയോ ചെറുതാണ്. ചെറിയൊരു സർജറി ചെയ്യുന്ന ലാഘവത്തോടെ ചിലപ്പോൾ ഈ കുഞ്ഞു ഭൂഗോളത്തെ കരിച്ചു കളഞ്ഞാലും അത്ഭുതമില്ല. അത്ഭുതപ്പെടാൻ  അപ്പോൾ നമ്മളൊക്കെ എവിടെയായിരിയ്ക്കും, അല്ലേ..?
ഇതൊക്കെ വായിച്ചു ഭയപ്പെടേണ്ട.  എവെരിതിംഗ് ഈസ്‌ ടെയ്ക്ക കെയർ ഓഫ്. ഈ സിസ്റ്റം
പലർക്കും  ഇന്നുവരെ ചിന്തിയ്ക്കുവാൻ പോലും സാധിയ്ക്കാത്തത്ര പെർഫെക്റ്റ്‌ ആണ്.  ഓരോരുത്തർക്കും അവരവരുടെ നിയോഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും തിരിച്ചറിയാതെയും ഇവിടെ ജീവിയ്ക്കാം. തിരിച്ചറിയുന്നവർ ഓരോ നിമിഷവും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കും. അത്ര തന്നെ !
അല്ലാത്തവർ പലതരം മാനസ്സികസമ്മർദ്ദങ്ങൾക്ക്  വിധേയരായി ചിലപ്പോൾ  പ്രാണൻ പോലും വെടിഞ്ഞേക്കാം. അതുകൊണ്ടൊന്നും ഒരു കുഴപ്പവും ഇല്ല. ഈ ഭൂമിയിൽ അവർക്കുണ്ടായിരുന്ന ദൌത്യം
പൂർത്തിയായി എന്ന് കരുതിയാൽ മതി. മനസ്സിനെ ശാന്തമാക്കി നിർത്തിയിട്ട് ഒരു വർത്തമാന പത്രമെടുത്ത് നിവർത്തി  നോക്കൂ. എത്രയെത്ര ജനനങ്ങൾ മരണങ്ങൾ മംഗളകർമ്മങ്ങൾ അംഗീകാരങ്ങൾ...! സ്നേഹത്തിന്റെയും വിദ്വേഷത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും യുദ്ധങ്ങളുടെയും കഥകൾ. പ്രകൃതിയുടെ വിവിധ അവസ്തകളേക്കുറിച്ചുള്ള വർണ്ണനകൾ. രാഷ്ട്രീയ സാമൂഹിക കലാ കായിക രംഗത്തുള്ളവർ നവ രസങ്ങളും പ്രകടിപ്പിച്ചു നില്ക്കുന്ന ചിത്രങ്ങൾ. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ കുതിച്ചുചാട്ടത്തിന്റെ കണക്കുകൾ, അഴിമതികളുടെയും പീഡനങ്ങളുടെയും  വാഹനാപകടങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സചിത്ര ലേഘനങ്ങൾ, പരസ്പര വിരുദ്ധമായി തോന്നാവുന്ന പലതരം ആഹ്വാനങ്ങൾ, പ്രക്ഷോഭങ്ങൾ.യുക്തിവാദികളും ആല്മീയവാദികളും തമ്മിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ, എന്ന് വേണ്ട, സ്വതന്ത്രമായി ചിന്തിയ്ക്കുന്ന ഏതൊരാളിലും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന ധാരാളം വർത്തമാനങ്ങൾ നമുക്കവിടെ കാണാൻ കഴിയും.
ഇതൊക്കെ വായിച്ചു  ഭയപ്പെടേണ്ട.  എവെരിതിംഗ് ഈസ്‌  ടെയ്ക്കൺ കെയർ ഓഫ്. ഈ സിസ്റ്റം പലർക്കും  ഇന്നുവരെ ചിന്തിയ്ക്കുവാൻ പോലും സാധിയ്ക്കാത്തത്ര പെർഫെക്റ്റ്‌ ആണ്. 
ഓരോരുത്തർക്കും അവരവരുടെ നിയോഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും തിരിച്ചറിയാതെയും ഇവിടെ ജീവിയ്ക്കാം. തിരിച്ചറിയുന്നവർ ഓരോ നിമിഷവും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കും. 
(തുടർന്നു വായിയ്ക്കുക)

No comments: