14.5.18

ജ്ഞാനസ്ഥാനത്തെ പൂമരം

Y സീൻ #1
********

സാറാ മേരി റോയിയും ശുഭലക്ഷ്മിയും ആടാമറ്റത്തെ കലുങ്കിലിരുന്ന് മിനി ഗോൾഡ് വലിച്ച്, പുകച്ചുരുൾ വട്ടം വട്ടമാക്കി പറത്തിവിടുന്നു. സമയം രാത്രി 10.45 ആയിക്കാണും. ഒച്ച കൂട്ടിയിട്ട ഒരു ബുള്ളറ്റ് പടക്കം പൊട്ടുന്ന പോലെ കുടു.. കുടു... കുടു... എന്നു വന്ന് നിക്കുന്നു. നസ്രിയ നാസർ ആയിരുന്നു അത്. അവൾ ബ്ലൗസിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു പൈന്റ് കുപ്പി പുറത്തെടുത്ത് " ടൺ ടടെങ്.... " എന്ന് ആ പെണ്ണുങ്ങളെ കൊതിപ്പിയ്ക്കാൻ തുടങ്ങി. സാറയും ശുഭയും "താടീ.... താടീ " എന്നു പറഞ്ഞ് കുപ്പിയിൽ പിടുത്തമിട്ടു. "ഇവിടെവച്ചു പൊട്ടിക്കില്ല. ഇതു നമുക്ക് കോണേൽകടവിലുള്ള പ്രേതബംഗ്ളാവിൽ പോയിരുന്ന് അടിക്കാം. ഒരു ചെയ്ഞ്ച് ആയിക്കോട്ടെ " നസ്രിയ, പൈന്റുകുപ്പി ബ്ലൗസിൽ തന്നെ ഇട്ട്, ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. സാറയും ശുഭയും പിന്നിൽ കേറി കെട്ടിപ്പിടിച്ച് ഇരുന്നു. ഇതെല്ലാം കണ്ടുകൊണ്ടുനിന്ന പ്രദീപ്‌കുമാർ എന്ന അപ്പൂപ്പൻ "നാവു വരളുന്നു, ഒരു തുള്ളി തരാമോ എന്നു ചോദിച്ചു. അവർ കൊടുത്തില്ല എന്നു മാത്രമല്ല, പ്രദീപപ്പൂപ്പനെ 'മ' കൂട്ടിയും 'പു' കൂട്ടിയും ചീത്ത വിളിച്ചിട്ട് കുടു.. കുടു... എന്ന് ഓടിച്ചുപോയി.

 (തുടരും )

സീൻ #2
********

 പോകുംവഴി ഉള്ളായത്തിൽ ബുള്ളറ്റ് നിർത്തി, ജെസ്സിമോളുടെ തട്ടുകടയിൽ കയറി 15 ദോശയും മൂന്ന് കോഴി ഡബിളും പാഴ്‌സൽ ഓർഡർ ചെയ്തു. ശുഭലക്ഷ്മി ഇതുകണ്ടപ്പോൾ ബുള്ളെറ്റിൽ തന്നെ ഇരുന്നുകൊണ്ട് വെടിപൊട്ടിക്കുന്നപോലെ വിളിച്ചു പറഞ്ഞ് ; " താറാമ്മുട്ട ഇല്ലെങ്കിൽ എനിക്ക് ഓംലെറ്റ് വേണ്ട, പൈൽസ് ഉണ്ടെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെഡീ പാത്തൂ... " ഇതു കേട്ട്, എന്തോ വല്യ കോമഡി കേട്ട മാതിരി അവിടെ നിന്ന പെണ്ണുങ്ങളെല്ലാം ചിരിക്കാൻ തുടങ്ങി. ദോശ ചുട്ടുകൊണ്ടു നിന്ന ജെസ്സിമോൾ ചട്ടുകം കുത്തി നിലത്തിരുന്നു ചിരിച്ചതിനാൽ ആ കല്ലിൽ കിടന്ന ആറു ദോശയും 16 കാടമുട്ടയുടെ ബുൾസൈയും കരിയാൻ തുടങ്ങി. ഇതു കണ്ടതും, ദോശയും ബുൾസൈയും പ്രതീക്ഷിച്ചു കുറേ നേരമായി കാത്തു നിന്ന ഡോക്ടർ നൈനാൻ കോശിയുടെ ചിരി മാറി കരച്ചിലായി. ഡോക്ടർ ഇങ്ങനെ കരയുന്നത് ഇതിനുമുൻപ് കണ്ടിട്ടില്ല. സ്കൂളുകളിലും മറ്റും ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ഡോക്ടറും ഭാര്യയും ജീവിച്ചുപോന്നിരുന്നത്. ഉള്ളായത്തിലെ പേരുകേട്ട ഒരു അസ്ഥിരോഗ വിദഗ്ദ്ധനായ അദ്ദേഹവും കുടുംബവും ഒരു മഴക്കാലത്ത് വണ്ടിപ്പെരിയാറ്റിൽ നിന്ന് വിറ്റു പെറുക്കി വന്നതാണെന്ന് പറയപ്പെടുന്നു. മക്കളെല്ലാം നല്ല നിലയിലാണെങ്കിലും അപ്പനുമമ്മയ്ക്കും ഒരു പ്രയോജനവുമില്ല. ഡോക്ടർക്ക്‌ നാലു പെണ്മക്കളാണ്. മൂത്തമകൾ ബിൻസി കണ്ണുകുത്തിമലയിലെ പാറമടക്കാരുടെ ടിപ്പർ ഓടിക്കുന്നു. രണ്ടാമത്തവൾക്ക് മണിമല കണ്ണായ സ്ഥലത്ത് ഒരു മീൻകടയുണ്ട്. ജിൻസി ഫിഷ് ആൻഡ്‌ ചിപ്സ്. മൂന്നാമത്തവൾ ഐ റ്റി ഐ പഠിച്ചുപാസായി വയറിംങ്ങും പ്ലമ്പിങ്ങും ഒക്കെയായി നടക്കുന്നു. റ്റിൻസിയ്ക്ക് നിൽക്കാനും ഇരിയ്ക്കാനും നേരമില്ലാത്ത പോലെ വർക്കുണ്ടെന്ന് ഡോക്ടർ ഒരു ദിവസം വീമ്പു പറഞ്ഞപ്പോളാണ് പോലീസുകാരൻ സാബുവിന്റെ കുരുത്തംകെട്ട പെണ്ണ് ചോദിച്ചത് :: " അപ്പോൾ പിന്നെ എപ്പോഴും കിടന്നുകൊണ്ടു തന്നെയാണോ അങ്കിൾ, വർക്ക് " എന്ന്. ഏതായാലും ഡോക്ടർ നൈനാൻ കോശി ഓർഡർ ചെയ്ത ആറു ദോശയും 16 കാടമുട്ടയുടെ ബുൾസൈയും കരിഞ്ഞിരിക്കുന്നു ! ഇനി എന്തും സംഭവിയ്ക്കാം.

(തുടരും )

സീൻ #4
********

ശബ്ദങ്ങൾ മരിച്ച ശേഷമുള്ള ആദ്യരാത്രി പോലെ കൊണേക്കടവിലെ  തേക്രൂ വില്ലയിൽ മൗനം ഘനീഭവിച്ചുകിടന്നു. വേളാങ്കണ്ണിമാതാവിന്റെ എഞ്ചിൻ ബിയാട്രീസ്  ഓഫു ചെയ്തപ്പോൾ നയാഗ്രാ വെള്ളച്ചാട്ടം പൊടുന്നനെ നിലച്ചപോലെ ആകെയുണ്ടായിരുന്ന കുടു കുടു ശബ്ദവും നിലച്ചു. കാറുകളുടെ  ഹോണടി ശബ്ദമോ,  ടിപ്പർ ലോറിയുടെ നിർദ്ദയമായ മുരളലോ, ആംബുലൻസിന്റെ കൂക്കിവിളിയോ, ലോട്ടറി വില്പനക്കാരുടെ പിച്ചയെടുക്കലോ,  കൊല്ലാൻ പിടിയ്ക്കുന്ന കോഴിയുടെ അവസാനത്തെ പിടച്ചിലോ ഈ സമയത്ത് പ്രതീക്ഷിക്കരുത്. രാത്രി 12 ആകുന്നു.  അവരെല്ലാം ഉറങ്ങുകയാവും.  എങ്കിലും,  ഒരു കുറുക്കന്റെ ഓരിയിടൽ, ഒരു  രാപ്പാടിയുടെ പാട്ട്,  പൊട്ടക്കിണറ്റിലെ ഒന്നോ രണ്ടോ തവളകളുടെ കോറസ് ; പേക്രോം പേക്രോം....  ഒന്നുമുണ്ടായില്ല. ചെറിയ  ഇലയനക്കം പോലുമില്ലാതെ, തേക്രൂ വില്ലയെന്ന് വെണ്ടക്കാ അക്ഷരത്തിലുള്ള നെയിം ബോർഡ് വെച്ച,  കൊണേക്കടവിലെ ഭാർഹഗവീ നിലയം മൗനത്തിന്റെ മഹാശിൽപമായി ,  നിലാവിൽ കുളിച്ചു നിന്നു.

"ബിയാട്രീസ്,  ഈ രാത്രിയിൽ നീ ഞങ്ങളോടൊപ്പം ഉണ്ടാവണം. വിഷാദഭരിതവും ദുഃഖപൂർണവുമായ ഒറ്റപ്പെടലിലേയ്ക്ക് നിന്നെയിന്നു വിടില്ല "

ഒട്ടൊരു ഏകാധിപത്യച്ചുവയോടെ സാറയാണ് ഇതു പറഞ്ഞത്. എങ്കിലും, അതിലടങ്ങിയിരുന്ന പ്രേമോദാരമായ വാത്സല്യം അവൾ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ആ ക്ഷണം,  ബിയാട്രീസ് നിരസിച്ചില്ല. അവൾ മാനത്തേക്ക് നോക്കി. പഞ്ചമിച്ചന്ദ്രൻ ഒറ്റക്കണ്ണിറുക്കി മേഘവിരലുകൾ കൊണ്ട് ബിയാട്രീസിനെ വെടി വെച്ചു ; ഒരു അടാർ പ്രണയം പോലെ.

104 വയസ്സുള്ള രാധാമണിയാണ് തേക്രൂ വില്ലയുടെ സൂക്ഷിപ്പുകാരി. ഒരു വലിയ ഹാളിന്റെ ഒത്തനടുക്ക് മേശയും കസേരയും.ഇരുട്ടാണ്.  മേശയിൽ,  മങ്ങിക്കത്തുന്ന ഒരു  ശരറാന്തലിന്റെ അരണ്ട വെളിച്ചമുണ്ട്. കസേരയിൽ സ്വപ്നം കണ്ടു മയങ്ങുന്ന മിസ്സ്‌ രാധാമണി. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കണ്ണനെന്നു പേരുള്ള ഒരു ബസ് ഡ്രൈവറുമായി പ്രണയത്തിലാണ്. അഞ്ചു വയസുള്ളപ്പോൾ തുടങ്ങിയതാണ് അവരുടെ പ്രണയം. അതിപ്പോഴും തുടരുന്നു.  രാധാമണി കണ്ടുകൊണ്ടിരിക്കുന്നത്  ഒരു മധുരസ്വപ്നമാണെന്ന് മുഖത്തേക്ക്   നോക്കിയാൽ മനസ്സിലാകും. പ്രേമോദാരനായ  നാഥൻ, അവളെ കരവലയത്തിലിട്ടു  ഞെരിച്ചമർത്തുന്ന സമയത്താവണം നാലു പെമ്പിള്ളേർ,  വാർദ്ധക്യത്തോടടുക്കാറായ ഒരു ആമ്പ്രന്നോനെയും പിടിച്ചുകൊണ്ട് അവിടേക്കു കയറിച്ചെന്നത്.

"മണിച്ചേച്ചി,  കണ്ണുതുറക്ക്,  ഇതു ഞാനാ, നസ്രിമോൾ,  കണ്ണുതുറക്ക് മണിച്ചേച്ചി..."

രാധാമണിയുടെ കവിളിൽ തടവിക്കൊണ്ട് നസ്രിയ പറഞ്ഞു. രാധാമണി ഉണർന്നില്ല.  അവരുടെ ചുക്കിച്ചുളിഞ്ഞ മുഖത്താകെ അലസ-ലാസ്യ-ഭാവങ്ങൾ. ഒരു മോഹിനിയെപ്പോലെ അവർ "കണ്ണാ....അണ്ണാ.... " എന്നൊക്കെ അവ്യക്തമായി പിറുപിറുക്കുന്നുണ്ട്.

പെട്ടന്നാണ് അതു സംഭവിച്ചത്.  രണ്ടാം നിലയിൽ,  സൂര്യൻ ഉദിച്ചതുപോലെ,  ഇലക്ട്രിക് ബൾബുകൾ തെളിഞ്ഞു ; അവിടമാകെ പ്രകാശം പരന്നു. കയ്യിൽ നിലവിളക്ക് കത്തിച്ചു പിടിച്ചു കൊണ്ട് കുറേ ആണുങ്ങളും പെണ്ണുങ്ങളും സ്റ്റെയർകേസ് ഇറങ്ങി വരുന്നു. എല്ലാവരും നഗ്നരായിരുന്നു. രണ്ടു വരികളായി അവർ മെല്ലെ ഗ്രൗണ്ട് ഫ്ലോറിലേക്കു വരികയാണ്.

പെട്ടെന്ന് എന്തെങ്കിലും ചെയ്യണം!

നസ്രിയ കോഡ് ചോദിച്ചു ; ശുഭയും സാറയും കൈ മലർത്തി,  വാ മൂടിക്കെട്ടിയതിനാൽ ഡോക്ടർ നൈനാൻ കോശി പറഞ്ഞത് ആരും കേട്ടില്ല. എങ്കിലും ബിയാട്രീസിന്റെ സമയോചിതമായ ഇടപെടൽ അവരെ തൽക്കാലം സഹായിച്ചു :

"കോഡ്  ഈസ് വിട്രോവിയൻ മാൻ.  ഡാവിഞ്ചി കോഡ്.  പെട്ടെന്ന്,  അവരുടെ കണ്ണിൽ പെടാതെ ആ മൂലയിലുള്ള  ഡൈനിങ് ഹാളിൽ കയറി ഒളിയ്ക്കൂ "

ബിയാട്രീസ് പറഞ്ഞതും അവരെല്ലാം ഒളിച്ചതും ഒരുമിച്ചായിരുന്നു.

"ഹോ ഹൊയ്......... ഹോ ഹൊയ്...... "

ആ കാർമ്മികർ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിലെത്തിയപ്പോൾ വട്ടത്തിൽ കൈ കോർത്തുകൊണ്ടു കാലുകൾ ഒന്നൊന്നായി പൊക്കി പ്രത്യേക രീതിയിൽ ചുവടു വെയ്ക്കുകയും ചില മന്ത്രങ്ങൾ ജപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ വൃത്തത്തിന്റെ മധ്യത്തിൽ,   ഒരു ആൺകുട്ടിയും പെൺകുട്ടിയും വിവാഹവസ്ത്രം ധരിച്ച നിലയിൽ കാണപ്പെട്ടു.  ഏകദേശം 16 വയസ്സുള്ള കുട്ടികൾ. അവരുടെ ഇരുകൈകളും പിന്നെലേയ്ക്ക് പിടിച്ചു കെട്ടിയിരുന്നു.

(തുടരും )

#Paradigm_Shift

#Paradigm_Shift

No comments: