19.7.16

അനുഗീത


Facebook post by Ashok Kartha മുൻപ് പലവട്ടം എഴുതിയിട്ടുള്ളതാണു. ഗീത യുദ്ധത്തിനുള്ളതല്ല്ല. എന്നാൽ ഗീത ഉയർത്തിപ്പിടിച്ച് യുദ്ധത്തിനിറങ്ങുന്നവർക്ക് അതു സ്വീകാര്യമല്ല. പ്രതിയോഗികൾക്കും വേണം അങ്ങനെയൊരു ഗ്രന്ഥം. എങ്കിലെ തങ്ങളുടെ ഗ്രന്ഥവും ഉയർത്തിപ്പിടിച്ച് വെല്ലുവിളിക്കാനൊക്കു. അവരൊക്കെയാണു ഗീത യുദ്ധത്തിനുവേണ്ടിയുള്ളതാണെന്നു പ്രചരിപ്പിച്ചത്. ഇരുപക്ഷവും ഗ്രന്ഥകർത്താവ് എന്താണു പറഞ്ഞിരിക്കുന്നതെന്നു ശ്രദ്ധിച്ചുമില്ല. ‘ഇതി ശ്രീമദ്ഭവത്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം’ എന്നാണു. ഇതു ഉപനിഷത്താണു. ബ്രഹ്മവിദ്യയാണു. യുദ്ധതന്ത്രമല്ല. ഭഗവത്ഗീത യുദ്ധത്തിനുള്ളതല്ല. അതിനു ധനുർവിദ്യ വേറെയുണ്ട്. വ്യാസൻ, താൻ തന്നെ അതൊക്കെ എഴുതിയിട്ടുമ്മുണ്ട്. അർജ്ജുനൻ തേർത്തട്ടിൽ തളർന്നിരുന്നത് പടയാളികളെ കണ്ടിട്ടാണോ? അല്ല. അവരേയൊക്കെ അയാൾ മുൻപും കണ്ടിട്ടുണ്ട്. യുദ്ധവും ചെയ്തിട്ടുണ്ട്. അതിലൊക്കെ വിജയിക്കുകയോ വിട്ടുകൊടുത്തു പിന്മാറുകയോ ചെയ്തിട്ടേയുള്ളു. അപ്പോൾ കുരുക്ഷേത്രത്തിൽ മാത്രമെന്താ ഒരു പുതുമ. പടയൊരുക്കം കണ്ട് തളർന്നു വീഴണ്ട കാര്യമൊന്നും അർജ്ജുനനില്ല. പിന്നെയെന്താണു സംഭവിച്ചത്? കുരുക്ഷേത്രത്തിൽ വന്നുനിന്നപ്പോൾ പടച്ചട്ടയ്ക്കുള്ളിലെ പച്ചയായ മനുഷ്യരെക്കണ്ടു. തന്നെപ്പോലെ യുദ്ധസന്നദ്ധരായി നിൽക്കുന്ന അനേകം പടയാളികൾ. അവർ ആ‍രുടെയൊക്കയോ അച്ഛനാണു. സഹോദരനാണു. ഭർത്താവാണു. മകനാണു. അവരൊക്കെ മരിച്ചു വീഴുമ്പോൾ ആർക്കൊക്കെയോ നഷ്ടപ്പെടുന്നത് അച്ഛനെയാണു. മകനേയാണു. ഭർത്താവിനേയാണു. സഹോദരാനേയാണു. അതുണ്ടാക്കുന്ന ദു:ഖം അതീവ കഠിനമാണ്. പിന്നെ എന്തിനാണു ഇങ്ങനെയൊരു യുദ്ധം? അതാണു അയാളുടെ ഉള്ളിൽ അലയടിച്ചത്. അതിനുള്ള ഉത്തരമാണു അയാൾ കൃഷ്ണനോട് തേടിയത്. “എന്റെ ഈ വ്യസനത്തിനു ഞാനൊരു പരിഹാരം കാണുന്നില്ല, കൃഷ്ണാ!“ (ന ഹി പ്രപശ്യാമി മമാപനുദ്യാദ്യുഛോകം.... ഗീത 2.8) “രാജ്യം കിട്ടിയാലോ, ശത്രുക്കൾ നശിച്ചാലോ ഒന്നും എനിക്ക് സമാധാനമാകില്ല“ എന്നാണു അർജ്ജുനൻ പറഞ്ഞത്. അല്ല്ലാതെ ഇവരെ എങ്ങനെ കൊല്ലണമെന്നല്ല ചോദിച്ചത്. അതിനു കൃഷ്ണന്റെ ഉപദേശമൊന്നും തനിക്ക് ആവശ്യമില്ല. തുടർന്നു ഭഗവാൻ സംസാരിച്ചത് സാംഖ്യം, കർമ്മയോഗം, ജ്ഞാനം, സന്യാസം, ധ്യാനം തുടങ്ങിയവയായിരുന്നു. പടക്കളത്തിൽ നിന്നു ചർച്ച ചെയ്യാൻ പറ്റിയ വിഷയങ്ങൾ! ഇവയൊക്കെ ചർച്ച ചെയ്താൽ ഉള്ള വീറും കൂടി നഷ്ടപ്പെടുകേയുള്ളു. അഹിംസയാണു പരമമായ ധർമ്മം എന്നോ ഭൂതദയയാണു ഉത്തമം എന്നോ ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ ഉടനെ അതൊക്കെ ഹിന്ദുവിനെ നിർഗുണരും ഉദാസീനരുമാക്കുമെന്നു പറഞ്ഞ് ചന്ദ്രഹാസമിളക്കുന്നവരാണു നമുക്കു ചുറ്റുമുള്ള പലരും. തിരിച്ചടിച്ചില്ലെങ്കിൽ തടികേടാകുമെന്നു താക്കീതുതരുന്നവരാണു ഇന്നത്തെ ആത്മീയവാദികൾ പോലും. പിന്നെങ്ങനെ കുരുക്ഷേത്രം പോലൊരു യുദ്ധക്കളത്തിൽ നിന്നു വീരന്മാരിൽ വീരനോട് വേദാന്തം പറയും? ‘ഒന്നു പോ കൂവേ, ഇവന്മാരെ എങ്ങനെ തട്ടാമെന്നു ഞാൻ തന്നത്താൻ നോക്കിക്കോളാം‘ എന്നാവില്ലെ മറുപടി? വീര്യവിജൃംഭിതനാണു അർജ്ജുനനെങ്കിൽ കൃഷ്ണന്റെ തല കാണുകയില്ല. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചതായി ഋഷി പറയുന്നില്ല. എന്നു മാത്രമല്ല കൃഷ്ണൻ പറഞ്ഞതെല്ലാം ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു എന്നും പറയുന്നു. പിറ്റേന്നു യുദ്ധമാരംഭിക്കുന്നതിനു മുൻപ് അതെല്ലാം മറന്നു പോയെങ്കിലും. പിന്നീട് യുദ്ധമെല്ലാം തീർന്നു അതൊക്കെ ഒന്നുകൂടി കേൾക്കാൻ അർജ്ജുനൻ ആഗ്രഹിച്ചു. അനുഗീത! അതിൽ നിന്നു തന്നെ വ്യക്തമാണു കൃഷ്ണൻ പറഞ്ഞതുകേട്ടല്ല, അർജ്ജുനൻ യുദ്ധം ചെയ്തതെന്നു. വേറൊന്നുള്ളത്, കൃഷ്ണനും പാർത്ഥനും കൂടി ചർച്ച ചെയ്ത വിഷയത്തിൽ നിന്നു തന്നെ വ്യക്തമാണു അതൊന്നും യുദ്ധത്തെക്കുറിച്ചായ്യിരുന്നില്ല എന്നു. ‘നൈനം ഛിന്ദന്തി ശസ്ത്രാണി... (2.23) എന്നു പറഞ്ഞുകൊടുത്തിട്ടൊന്നും പടച്ചട്ടയണിയാതെയല്ല പിറ്റേന്നു അർജ്ജുനൻ പടക്കളത്തിലേക്കു പോയത്. വാളുകൊണ്ടാൽ മുറിയുമെന്നു അർജ്ജുനനു നന്നായി അറിയാം. അളിയന്റെ ഗീർവ്വാണം കൊണ്ടൊന്നും മുറിവിൽ നിന്നു ചോരപൊടിയാതിരിക്കില്ല. അത്ര വിവരമൊക്കെ അർജ്ജുനനുണ്ട്. അതുകൊണ്ടാണു പടച്ചട്ട എടുത്തിട്ടതും. അപ്പോൾ കൃഷ്ണൻ ഉപദേശിച്ചിട്ടാണു യുദ്ധം ചെയ്തതെന്നൊക്കെ പറയുന്നതു വെറുതെയാണു. എന്നുമാത്രമല്ല ഗീതയിൽ പറയുന്ന യോഗമോ ധ്യാനമോ ഒന്നുമല്ല പിറ്റേദിവസം മുതൽ അർജ്ജുനൻ യുദ്ധക്കളത്തിൽ ഉപയോഗിച്ചതും. ശരിക്കും കായികമായി പൊരുതി നേടിയ വിജയമായിരുന്നു അതു. അതുകൊണ്ടാണു കുരുക്ഷേത്രയുദ്ധം ദു:ഖത്തിൽ പര്യവസാനിച്ചതും. കൃഷ്ണന്റെ ഉപദേശമാണു കേട്ടിരുന്നെങ്കിൽ ആനന്ദമല്ലെ ഉണ്ടാകേണ്ടത്? അതുണ്ടായില്ലല്ലോ. രണ്ടാം അദ്ധ്യായം 32ആം ശ്ലോകത്തിലെ ‘യുദ്ധം’, 37ലെ ‘യുദ്ധം’ ഒക്കെ എടുത്തു കാണിച്ചാണു ഭഗവാൻ യുദ്ധം ചെയ്യാൻ അർജ്ജുനനോട് ആവശ്യപ്പെട്ടു എന്നു പലരും വാദിക്കുന്നത്. ആ ‘യുദ്ധം’ എന്താണെന്നു അതതിടങ്ങളിൽ തന്നെ വ്യക്തമാണു. പക്ഷെ ഭൌതികയുദ്ധക്കൊതി മൂത്തുനിൽക്കുന്നവർക്കത് കാണാനുള്ള കണ്ണില്ല. യദൃശ്ചയാ ഉപപന്നം യുദ്ധമെന്നാണു 32ൽ. കുരുക്ഷേത്രം യാദൃശ്ചികമായിരുന്നോ? രാജഭരണം പങ്കുവക്കുന്ന നിമിഷത്തിൽ തന്നെ ആശയപരമായി അതു തുടങ്ങിയില്ലെ? അതിനും മുൻപേ ശന്തനുവിന്റെ കാമത്തിൽ അതിനു ബീജാവാപം നടന്നു കഴിഞ്ഞിരുന്നു. വൃദ്ധനു യുവതരുണിയിൽ ആശയുദിച്ചപ്പോൾ യുവരാജാവിനെ മാറ്റി നിർത്തി. അവിടെത്തൊട്ട് ധർമ്മം നഷ്ടപ്പെടാനും തുടങ്ങി. പിന്നെയത് കന്യകകളെ ബലാൽ പിടിച്ചുകൊണ്ടുവരുന്നിടം മുതൽ വളരുകയാണു. അംബയുടെ വൈരാഗ്യം ശമിക്കണമെങ്കിൽ കുരുക്ഷേത്രമുണ്ടാകാതെ തരമുണ്ടോ? അന്ധനും, രോഗിയും രാജാവായപ്പോൾ യുദ്ധത്തിന്റെ തടിക്ക് കാതൽ വച്ചു. രാജോചിതമല്ലാത്ത ചൂതിലും, രജസ്വലയായ പെണ്ണിനെ സദസിൽ വലിച്ചിഴച്ചപ്പോഴും അതു ശാ‍ഖകൾ വിടർത്തി. ദൂത് അതിന്റെ വളർച്ച പൂർണ്ണമാക്കി. ഈ യുദ്ധത്തെയാണോ എല്ലാമറിയാവുന്ന കൃഷ്ണൻ വെറും ‘യാദൃശ്ചികം’ എന്നു പറയുക? കൃഷ്ണൻ സൂചിപ്പിച്ചത് അർജ്ജുനന്റെ മനസിലെ യുദ്ധമായിരുന്നു എന്നു വ്യക്തം. കരുണ ഉണരുമ്പോൾ എല്ലാ മനസുകളിലൂം അർജ്ജുനനുണ്ടായതുപോലെയുള്ള സർഘർഷങ്ങൾ ഉണ്ടാകും. അതാണു കൃഷ്ണൻ സൂ‍ചിപ്പിച്ച യുദ്ധം. അതു യദൃശ്ചയാ ഉണ്ടാകുന്നതുമാണു. ആലോചിച്ചോ പദ്ധതി തയ്യാറാക്കിയോ ഉണ്ടാക്കാവുന്ന യുദ്ധവുമല്ല്ലത്. രാജാധികാരമോ, ശത്രുനാശമോ, ഇനി സ്വർഗ്ഗചിന്തതന്നെയോ അതിനെ ശമിപ്പിക്കാൻ പോകുന്നില്ല. മനസുശാന്തമാകണമെങ്കിൽ തപസുവേണം. അതു അർജ്ജുനനു മനസിലാകുന്നത് യദുകുലസ്ത്രീകളെ രക്ഷിക്കാൻ പോയപ്പോഴാണു. അതുവരെ താൻ അഹന്തയോടെ സൂക്ഷിച്ച ഗാന്ധീവം തന്നെ രക്ഷിക്കുമെന്നു അയാൾ കരുതി. അന്നാണു അറിയുന്നത് ആയുധങ്ങൾ നിഷ്‌പ്രയോജനമാണെന്നു. കുരുക്ഷേത്രത്തിലെ വീഴ്ചയേക്കാൾ കാഠിന്യമേറിയതായിരുന്നു അതു. പിന്നെ അർജ്ജുനനു കാത്തുനിൽക്കാൻ സമയമുണ്ടായില്ല. പാണ്ഡവർ വാനപ്രസ്ഥത്തിനു പുറപ്പെട്ടു. എക്കാലത്തും ആയുധങ്ങൾ രക്ഷിക്കുമെന്നു പോർവിളി മുഴക്കുന്ന അനവധിപ്പേർ നമുക്കു ചുറ്റുമുണ്ട്. അവർക്കുള്ള സന്ദേശമാണു വ്യാസൻ അർജ്ജുനനിലൂടെ കാണിച്ചുതരുന്നത്. വീഴ്ചപറ്റാതിരിക്കണമെങ്കിൽ തെരെഞ്ഞെടുക്കേണ്ട വഴിയാണു ഗീതോപദേശത്തിൽ. ഇതൊന്നുമറിയാതെയാണു യുദ്ധങ്ങൾ വിജയം നേടിത്തരുമെന്നു പ്രചരിപ്പിക്കുന്നത്. യുദ്ധങ്ങൾ ഒരു വിജയവും നേടിത്തരുന്നില്ല. അവ കൂടുതൽ ദു:ഖമേ നൽകു. ശാന്തിയാണു മനുഷ്യനു വേണ്ടത്. അതിനു യുദ്ധമില്ലാതിരിക്കുക എന്നതാണു ആവശ്യം. അതിനുള്ള വഴികളാണു ഭഗവാൻ കാണിച്ചു തരുന്നതും. നമുക്കതു മനസിലാകാത്തത് ആരുടെ കുറ്റം? ഈ ഗുരുപൂർണ്ണിമദിനത്തിൽ വ്യാസനേയൂം, ഈസാപുത്രനേയും, മുത്തുനബിയേയും പോലുള്ള ലോകാരാദ്ധ്യരായ ഗുരുക്കന്മാരെ ഓർക്കാൻ കഴിയുന്നത് ഒരു വലിയ സൌഭാഗ്യമാണു. അതേപോലെ ഈ ജന്മത്തിൽ അക്ഷരം ചൊല്ലിത്തന്നും, അക്കങ്ങൾ ഉറപ്പിച്ചും തന്ന ഗുരുക്കന്മാരേയും. പിന്നെയുമുണ്ട്. ഈ ലോകത്തിലൂടെ വീ‍ഴാതെ ഇപ്പോഴും കൈപിടിച്ചു കൊണ്ടുനടത്തുന്ന നിർമ്മലന്മാരായ അനേകകോടി ഗുരുക്കന്മാർ... യോഗികൾ. അവരേയും. എല്ലാവർക്കും എന്റെ ദണ്ഡനമസ്കാരം.

No comments: