27.4.15

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിയ്ക്കുന്നതീ നാട്ടില്‍


വയലാറിന്‍റെ മാന്ത്രികക്കൂട്ടുകള്‍..
=========================
[[[[[[ ഈ ഗാനം പിറന്നത് വയലാര്‍/ദേവരാജന്‍/യേശുദാസ് കൂട്ടുകെട്ടിന്‍റെ  ഒരു ലളിതഗാനം ആയിട്ടാണ്. വര്‍ഷങ്ങള്‍ക്കു  ശേഷം, 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന ചലച്ചിത്രത്തിനു വേണ്ടി എം.ജയചന്ദ്രന്‍ ഇതിന്  വശ്യമോഹനമായ ഒരു പുതിയ ഈണം നല്കി. സിനിമയ്ക്കുവേണ്ടി ഗാനം ആലപിച്ചത്, അകാലത്തില്‍ പൊലിഞ്ഞുപോയ സംഗീത പ്രതിഭ, സയനോജ് ആയിരുന്നു. ഈ ഗാനം എന്റെ ശ്രദ്ധയില്‍ പെടുന്നത് ചലച്ചിത്ര പിന്നണി ഗായികയും എഴുത്തുകാരിയുമായ ജിജി ജോഗി ഒരു ഫേസ്ബുക്ക് മീറ്റില്‍ വെച്ച് അതിമനോഹരമായി ഇത്  ആലപിച്ചപ്പോഴാണ്. ]]]]]]
******************************************************************************


താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിയ്ക്കുന്നതീ നാട്ടില്‍
കന്നിനിലാവും ഇളം വെയിലും വന്നു
ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും, ഉറക്കത്തില്‍
ഒന്നേ, കരളിന്‍ മോഹം.
ഒന്നിച്ചുണരും, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
ഒന്നേ, മിഴികളില്‍ ദാഹം
(താമര പൂക്കളും...)
ഗ്രാമാന്തരംഗ യമുനയില്‍ പൂത്തൊരാ
താമരപ്പൂവുകള്‍ തോറും
എന്നിലെ സ്വപ്‌നങ്ങള്‍ ചെന്നുമ്മ വെച്ചിടും
പൊന്നിലത്തുമ്പികള്‍ പോലേ,
രോമഹര്‍ഷങ്ങള്‍, മൃദുപരാഗങ്ങളില്‍
ഓമന നൃത്തങ്ങളാടും
എന്നുമാ കല്ലോലിനിയില്‍-ഹംസങ്ങള്‍ പോല്‍
എന്നനുഭൂതികള്‍ നീന്തും
(താമര പൂക്കളും...)
എന്റെ ചിത്രത്തിലെ പൂവിന്നു കൂടുതല്‍
ഉണ്ടായിരിയ്ക്കാം, ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണ്ണങ്ങള്‍
കണ്ടിരിയ്ക്കാമതിന്നുള്ളില്‍
എന്റെ ചിത്രത്തിലെ താമരപ്പൂവിലു
ണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലു
ണ്ടെന്നനുഭൂതി തന്‍ നാദം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിയ്ക്കുന്നതീ നാട്ടില്‍
കന്നിനിലാവും ഇളം വെയിലും വന്നു
ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും, ഉറക്കത്തില്‍
ഒന്നേ, കരളിന്‍ മോഹം.
ഒന്നിച്ചുണരും, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
ഒന്നേ, മിഴികളില്‍ ദാഹം

No comments: