16.1.12

ആശാന്റെ നെഞ്ചത്തുകൂടി ഒരു യാത്ര...ഭാഗം 1 [ A Journey Across the Guru’s Chest...Part 1 ]


എഴുത്തിലെ മൗലികതയും പ്രതിധ്വനികളും...

ഞാൻ ജന്മം കൊണ്ട് ഒരു നായരാണെൻകിലും, കർമ്മം കൊണ്ട് ഒരു പിള്ളയാണ്.
അതും പിള്ളയിൽ മൂത്ത, കണക്കപ്പിള്ളമാരുടെ ജാതിയാണ്. ഈ പിള്ളസ്ഥാനം, എനിയ്ക്കു തായ് വഴിയായി കിട്ടിയതാണ്. എന്റെ അമ്മയും അമ്മാവന്മാരും തായ് വഴിയായി പിള്ളമാരും തന്തവഴി പണിയ്ക്കർമാരും ആയിരുന്നു. പരമരഹസ്യമായി ആണെൻകിലും ഞങ്ങൾ അന്നും എന്നും മരുമക്കത്തായ സമ്പ്രദായമാണ് പിന്തുടരുന്നത്. അതുകൊണ്ട്, സ്കൂളിൽ ചേർത്തപ്പോൾ, എനിയ്ക്കും “ജ്യോതികുമാർ വി എസ് പിള്ള” എന്നു പേരിട്ടു. പിന്നീട്, അല്പം മുതിർന്നപ്പോൾ ഞാൻ ഒരു പരമ കമ്മ്യൂണിസ്റ്റ് ആയി മാറുകയും നായർ സമൂഹത്തിൽ നിലനിന്നിരുന്ന മരുമക്കാത്തായസമ്പ്രദായത്തിനെതിരേ ശബ്ദമുയർത്തുന്നതിനായി ഗസറ്റിൽ പരസ്യം ചെയ്ത്, എന്റെ പേര് “ജ്യോതികുമാർ വി. എസ്. നായർ “ എന്നാക്കി മാറ്റുകയും ചെയ്തു.  ചില മാവോയിസ്റ്റുകാർ ചോദിച്ചു: “ എൻകിൽ പിന്നെ ഈ സർനെയിം എന്ന വാല് പൂർണ്ണമായും അങ്ങ് ഒഴിവാക്കാമായിരുന്നില്ലേ?
സലീം കുമാർ സ്റ്റയിലിൽ ഞാൻ പറഞ്ഞു: “ഏയ്, അതു പറ്റില്ലവലുതാകുമ്പോൾ എനിയ്ക്ക് അമേരിയ്ക്കൻ പാസ്പോർട്ടിന് അപേക്ഷിയ്ക്കാനുള്ളതാ
എന്റെ പിതാവും പിതൃസഹോദരിയും തായ് വഴിയായി, ഒരു സ്ഥാനമാനങ്ങളും ഇല്ലാത്ത വെറും നായരും, തന്തവഴിയായി കുറുപ്പന്മാരും ആയിരുന്നു. അതും, കുറുപ്പിൽ മുന്തിയ, നല്ല അസ്സല് പടക്കുറുപ്പന്മാർ. അതുകൊണ്ട്, ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.
കാര്യം ഭൂമി മലയാളത്തിൽ, നാനാജാതി മതത്തിൽ പെട്ട ധാരാളം എഴുത്തുകാർ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.  തികച്ചും മൌലികങ്ങളായ ഒട്ടനവധി രചനകൾ അവർ മലയാളത്തിന് സംഭാവന നൽകിയിട്ടുണ്ട്. എന്നിരുന്നാലും
എഴുത്തിലെ മൗലികതയും പ്രതിധ്വനികളും...“ എന്ന പരമ്പരയിലൂടെ ഈ മൌലികതയെക്കുറിച്ചുള്ള വിശകലനത്തിന്  വിധേയമാക്കുന്നത്  എഴുത്തിലെ നായർ സാന്നിധ്യം മാത്രമാണ്. കാരണം, ഈ പരമ്പര മൂലം, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ജീവിയ്ക്കുന്ന എനിയ്ക്ക്, എന്തെൻകിലും സംഭവിയ്ക്കും എന്ന സ്ഥിതി വന്നാൽ, നേരേ പെരുന്നയിൽ പോയി, സുകുമാരൻ മാമനോട് കാര്യം പറയും. ബാക്കിയൊക്കെ അവർ നോക്കിക്കൊള്ളും.
 എനിയ്ക്ക് ഇഷ്ടമായ ആ എഴുത്തുകാരിൽ ചിലർ:

മാണിക്കോത്ത് രാമുണ്ണി നായർ [ സഞ്ജയൻ ],
വടക്കേ കൂട്ടാല നാരായണൻ കുട്ടി നായർ [ വി കെ എൻ],
എം എൻ വിജയൻ മേനോൻ [ എം എൻ വിജയൻ ]
എം മധുസൂദനൻ നായർ,
എം.പി നാരായണ പിള്ള,
എം. കൃഷണൻ നായർ,
കാരൂർ നീലകണ്ഠപ്പിള്ള [ കാരൂർ ],
ഇടശേരി ഗോവിന്ദ നായർ  [ ഇടശേരി ],
പ്രിയദർശൻ നായർ [ പ്രിയദർശൻ ],
എം റ്റി വാസുദേവൻ നായർ [ എം റ്റി ],
സുദീപ് എൻ കൃഷ്ണപിള്ള [സുദീപ് ],
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര നായന്മാർ, മലയാളസാഹിത്യത്തിനു നൽകിയ മൌലികമായ രചനകൾ ഏതൊക്കെയാണെന്നും അവരുടെ പൂർവ്വികരായ എഴുത്തുകാരെ അറിയാതെയാണെൻകിലും അനുകരിയ്ക്കുകയോ പ്രതിധ്വനിപ്പിയ്ക്കുകയോ ചെയ്തിട്ടുള്ളത് എവിടെയൊക്കെയാണെന്നും ഉള്ള വിശകലനങ്ങൾ വരും ലക്കങ്ങളിൽ പ്രതീക്ഷിയ്ക്കുക

No comments: