4.12.11

കയ്യെത്തും ദൂരത്ത്...ഭാഗം 4 ( In a Reachable Distance...Part 4 )

അനീന

അനീനയെ ആദ്യമായി കണ്ടത് 1983 ജൂണ്‍ ഒന്നാം തീയതി ആയിരുന്നു. 8 ബി യിൽ അന്ന് സുമാർ അൻപത് കുട്ടികൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ പകുതിയിൽ കുറവ്. അതിൽ സുന്ദരികൾ വിരലിൽ എണ്ണാൻ മാത്രം. അവരുടെ ഇടയിൽ അനീന ഒരു കൊലകൊമ്പനേപ്പോലെ തലയെടുത്ത് നിന്നു. ആദ്യദിവസം ആൺകുട്ടികൾ എല്ലാവരും അവളെ പരിചയപ്പെടാൻ മത്സരിച്ചു ചെന്നു. അവളിരിയ്ക്കുന്ന ബഞ്ചിന് ചുറ്റും ഉന്തും തള്ളും ആയിരുന്നു. അന്ന് ഇത്ര തടിമിടുക്കൊന്നും ഇല്ലായിരുന്ന ഞാൻ, പൊന്മാൻ കുളത്തിലേയ്ക്ക് നോക്കി ഇരിയ്ക്കുന്നതുപോലെ ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ മാറി ഇരുന്നു.ഈ കാണുന്നതൊന്നും തീരെ ഇഷ്ടപ്പെടാതെ, എന്നാൽ നാളെ മുതൽ എന്ത് ചെയ്യണം എന്ന് മനസ്സിൽ ഒരു രൂപരേഖ തയ്യാറാക്കിക്കൊണ്ട് ഒരു മൂലയിൽ അങ്ങനെ ഇരിയ്ക്കുമ്പോ , എവിടുന്നാണാ ശബ്ദം..?
തിരിഞ്ഞു നോക്കി . ന്റമ്മോ...ദേ നില്ക്കുന്നു മറിയാമ്മാ ചെറിയാൻ.!!!
എന്റെ ഏകാന്തത കണ്ട് അലിവ് തോന്നിയിട്ട് വന്നതാണ്.! എന്റെ കൂടെ തിരുഹൃദയം എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ് മുതൽ പഠിച്ചവളാണ്. എന്നെ വലിയ കാര്യവുമാണ്. പക്ഷെ, എന്തോ, എനിക്കവളുടെ തിരുമോന്ത കാണുമ്പോൾ, ചൊറിയാൻ തുടങ്ങും. പണ്ട് നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ, ഞാനവൾക്ക് എന്റെ നിക്കർ ഇടാൻ കൊടുത്തിട്ടുണ്ട്‌. എന്നെ കാണുമ്പോഴൊക്കെ അടുത്ത് വന്ന്, ആ കഥ പറയും. പിന്നെ ദയാമയനായ സെബസ്ത്യാനോസ് പുണ്യവാളന്റെ നാമത്തിൽ നന്ദി അറിയിക്കും. ഞാനാണെങ്കിൽ എപ്പോഴും മറക്കാൻ ശ്രമിയ്ക്കുന്ന ഒരു അദ്ധ്യായമായിരുന്നു അത്. ഒരു സംസ്ഥാന സ്കൂൾകായികമേള നടക്കുന്ന സമയത്തായിരുന്നു എന്റെ തലയിൽ അങ്ങിനെ ഒരു ദുർബുദ്ധി തോന്നിയത്. ഞങ്ങളുടെ സ്കൂളിൽ ആ വർഷം  ഇരുനൂറ് മീററർ ഓട്ടത്തിലും നാനൂറു മീററർ ഓട്ടത്തിലും ഒന്നാം സ്ഥാനം കിട്ടിയത് അല്പം കോങ്കണ്ണുണ്ടായിരുന്ന ഈ മറിയാമ്മയ്ക്ക് ആയിരുന്നു. അന്നവൾ, കൊച്ചുപാവാട ഇട്ടുകൊണ്ടാണ് ഓടിയത്. ഓടിക്കൊണ്ടിരിയ്ക്കുമ്പോൾ അവളുടെ പാവാട അല്പം പൊങ്ങി. മുടുക്കന്മാർ പലരും ഇത് പറഞ്ഞ് അവളെ കളിയാക്കി.
ഇക്കാരണം കൊണ്ട്, സബ്ജില്ലാ മത്സരത്തിനു പോകില്ല എന്ന് അവൾ, വാശി പിടിച്ചു. പിന്നെ മേരിക്കുട്ടി ടീച്ചർ നയത്തിൽ വിളിച്ച് കുറേ പറഞ്ഞതിന് ശേഷമാണ് അവൾ, ഓടാം എന്ന് സമ്മതിച്ചത്. ഒരു കണ്ടീഷൻ മാത്രം. പാവാടയ്ക്കു പകരം ട്രൌസർ ഇട്ടുകൊണ്ട് ഓടാൻ സമ്മതിയ്ക്കണം. പക്ഷെ ട്രൌസർ എവിടുന്നു സംഘടിപ്പിയ്ക്കും. ഒരെണ്ണം പുതിയത് തുന്നിയ്ക്കാനുള്ള സാമ്പത്തികം വീട്ടിൽ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് , മേരിക്കുട്ടി ടീച്ചർ പറഞ്ഞുകൊടുത്ത ഒരു ഉപാധിയായിരുന്നു തല്ക്കാലത്തേയ്ക്കു ക്ളാസിലുള്ള ഏതെങ്കിലും ആണ്കുട്ടിയുടെ ട്രൌസർ ഉപയോഗിയ്ക്കാൻ.
അങ്ങനെ മേരിക്കുട്ടി ടീച്ചർ ക്ളാസിൽ എല്ലാവരോടുമായി ഒരു റിക്വേസ്റ്റ്‌ ചെയ്തു:
ഒരു പെണ്കുട്ടിയ്ക്ക് വേണ്ടി നിങ്ങൾആണ്കുട്ടികൾആരെങ്കിലും ഒരു ദിവസ്സത്തേയ്ക്കു ഒരു ട്രൌസർ തരണം.
ടീച്ചർ ഇതിന്റെ സാഹചര്യങ്ങളും വിശദീകരിച്ചു. ക്ലാസ്സിൽ അടക്കിപ്പിടിച്ച ചിരി പൊട്ടി. എല്ലാവരും ഇതിലെ തമാശുകൾ പെരുപ്പിച്ചു ചിരിച്ചതല്ലാതെ, നിർധനയായ മറിയാമ്മയുടെ ദു:ഖം മനസ്സിൽ കയറ്റിയില്ല. എനിയ്ക്ക് ഇത് കേട്ട് ചിരി വന്നില്ലെന്ന് മാത്രമല്ല, ഉള്ളിൽ ഒരു വിങ്ങലും ഉണ്ടായി.അപ്പോൾ മറിയാമ്മയുടെ സ്ഥാനത്ത് എന്റെ കുഞ്ഞിപ്പെങ്ങൾ ആയിരുന്നു നിന്നിരുന്നത്.
ഞാൻ വരുംവരായ്കകൾഒന്നും ഓർക്കാതെ എഴുന്നേറ്റു നിന്നു പറഞ്ഞു:
എന്റെ നിക്കർ കൊടുക്കാം ടീച്ചർ..
ടീച്ചറിനും മറിയാമ്മയ്ക്കും ആശ്വാസമായി. എന്റെ സഹപാഠികളിൽ പലർക്കും  ഇതത്ര രുചിച്ചില്ല.  പിന്നീട് എത്രയോ കാലം സിബിക്കുട്ടിയും കൂട്ടുകാരും എന്നെ ഇത് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. ശ്രമിച്ചാലും മറക്കാൻ പറ്റാതിരുന്ന നിന്ദയുടെയും കുത്തുവാക്കിന്റെയും ദിനങ്ങൾ.!
അന്ന്  വൈകിട്ട്  മറിയാമ്മ അവളുടെ അമ്മയേയും കൂട്ടി വീട്ടിൽ വന്നു. എന്റെ അമ്മ രണ്ടാൾക്കും  കുടിയ്ക്കാൻ ഓരോ ഗ്ളാസ്സ് കട്ടൻ കാപ്പിയാണ് കൊടുത്തത്. അന്നൊക്കെ പണക്കാരുടെ വീടുകളിൽ മാത്രമേ പാല്കാപ്പി പതിവുണ്ടായിരുന്നുള്ളൂ. അമ്മയുടെ കുടുംബവീട് പൊളിച്ച് വിറ്റിട്ട് ഏതാനും ദിവസ്സങ്ങൾപോലും കഴിഞ്ഞിരുന്നില്ല. അച്ഛൻ തറവാട് വിറ്റ്കിട്ടിയ കാശുംകൊണ്ട് കന്യാകുമാരി മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യുകയും ഇഷ്ടപ്പെടുന്ന വസ്തുവിനെല്ലാം അഡ്വാസ്‌ കൊടുക്കുകയും ചെയ്തിരുന്ന കാലമായിരുന്നു. അമ്മാവന്മാരുടെ കാരുണ്യം കൊണ്ട് കുടുംബവീട് നിന്നിരുന്നതിന് അടുത്തായി ഒരു കുടിൽ കെട്ടി അതിലായിരുന്നു ഞങ്ങളുടെ വാസം. ഈ വീടും സെറ്റപ്പും ഒക്കെ കണ്ട് അത്ഭുതം കൊണ്ടിട്ട്, മറിയാമ്മയുടെ അമ്മ തലയിൽ കൈ വച്ചു:
എന്റെ സെബസ്ത്യാനോസ് പുണ്യവാളാ, ഇതിപ്പം ഇരന്നു തിന്നുന്നവനെ തുരന്നു തിന്നാൻ വന്നു എന്ന് പറഞ്ഞത് പോലെ ആയല്ലോ....
അമ്മയുടെ കയ്യിൽ നിന്നും ആ നിക്കർ, അത്യധികം സ്നേഹത്തോടെയും ഒട്ടു ജാള്യതയോടെയും മറിയാമ്മ ഏറ്റു വാങ്ങി.
അത് കൈമാറുമ്പോൾമടിച്ച് മടിച്ചാണെങ്കിലും അമ്മ പറഞ്ഞു:
അവന് ഇത് കൂടാതെ മറ്റൊരു നിക്കർ കൂടി ഉണ്ട്. ഇന്നും നാളെയും അതിട്ടോളും. മല്സരം കഴിഞ്ഞാൽ അന്നുതന്നെ മടക്കി തന്നാൽ.....
മറിയാമ്മയുടെ അമ്മ ആ വാക്കുകൾ പൂർത്തിയാക്കാൻ അമ്മയെ അനുവദിച്ചില്ല. രണ്ടു മാതൃ ഹൃദയങ്ങളും പരസ്പരം ആസ്ളേഷിച്ചു നിന്ന് ഒരു നിമിഷം വിതുമ്പി.
കണ്ട് നിന്ന ഞങ്ങളുടെയും കണ്ണുകൾനിറഞ്ഞു.


(തുടർന്നു വായിയ്ക്കുക)

No comments: