5.12.11

കയ്യെത്തും ദൂരത്ത്...ഭാഗം 17 (In a Reachable Distance...Part 17)


കുടലില്ലാത്ത കൊച്ചുകേശവപ്പണിക്കർ 

കഴിഞ്ഞ പത്തുപതിനഞ്ചു വർഷമായി ദുബായിൽ വലിയ വിലവർധനവൊന്നും ഇല്ലാതിരിയ്ക്കുന്ന സാധനങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്നു ചോദിച്ചാൽ, ടി.വി യിൽ ഐഡിയാ സ്റ്റാർ സിങ്ങറും മറ്റും കളിച്ചു നടക്കുന്ന കൊച്ചു കുട്ടികൾ വരെ പറയും സിഗററ്റ്, സുലൈമാനി, കുബ്ബൂസ് എന്ന്.!  പിന്നെ ബർദുബായിൽ നിന്ന് ദൈറദുബായ് വരെയുള്ള കടത്തുവള്ളത്തിന്റെ കൂലിയും. തീർന്നു, ഇത്രേ ഉള്ളൂ !
1996 ല് അഞ്ചു ദിർഹം കൈവശം വരുന്ന ആഴ്ച അറുതികളിൽ, ഞങ്ങൾ ബർദുബായ്ക്കാർ അബ്രയിൽ കയറി ഒരു പോക്കുണ്ട്, ദൈറാദുബായ് കാണാൻ. മുഷിഞ്ഞതെൻകിലും പരമ്പരാഗതമായ അറബി വേഷം ധരിച്ച തുഴച്ചിൽക്കാർക്കിടയിൽ മലയാളികളും ഉണ്ടായിരുന്നു. പക്ഷെ, അവർ ഒരിയ്ക്കലും വാ തുറന്ന്, ‘ക’ ‘മ’ എന്നീ അക്ഷരങ്ങൾ മിണ്ടിയിരുന്നില്ല. ഞങ്ങൾ  അപരിഷ്കൃതരായ ഈ കടത്തുകാരെ ബഹുമാനപൂർവ്വം, കാട്ടറബികൾ എന്നാണ് വിളിച്ചിരുന്നത്. കടൽക്കാറ്റിന്റെ സ്വാന്തനമേറ്റുള്ള ഈ ക്രൂയിസ് തീരുമ്പോൾ ഞങ്ങൾ ഒരു എട്ടണ, എന്നു വച്ചാൽ അര ദിർഹം ആ കടത്തുകാരന്റെ കയ്യിൽ കൊടുക്കും. അയാൾ സന്തോഷത്തോടു കൂടിയാണ് ആ പണം
സ്വീകരിയ്ക്കുന്നതെൻകിൽ ഞങ്ങൾ മനസ്സിൽ ഉറപ്പിയ്ക്കും; ഇയാൾ മലയാളിയല്ല, ഈ നാട്ടുകാരൻ ആണ്. ബാക്കി നാലു ദിർഹവും അൻപതു നയാഫിൽസും പോക്കറ്റിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം തോണിയിൽ നിന്നിറങ്ങി ദൈറാദുബായിയുടെ മണ്ണിൽ കാലു കുത്തുമ്പോൾ ഒരു ആവേശം തന്നെയാണ്.
ദുബായ്  കടലിടുക്കു കടന്ന്, മറുകരയിൽ വന്നിരിയ്ക്കുന്നു..! അതും അൻപതു ഫിൽസ് മാത്രമാണ് ഇതിനായി ചെലവാക്കിയത്.!!!
വൈകുന്നേരമാണെൻകിൽ, ശിശിരകാലമാണെൻകിൽ, ഹ്യുമിഡിറ്റി കുറവാണെൻകിൽ, ഭാഗ്യമുണ്ടെൻകിൽ…… ചെറിയൊരു കുളിരും തണുപ്പും ഒക്കെ കാണും. അപ്പോൾ, തൊട്ടടുത്തുള്ള കൽക്കെട്ടിനു മുകളിൽ, ഗഫൂർക്കാ ദോസ്തിന്റെ കാപ്പിത്തറയിലെ തിക്കും തിരക്കും ഞങ്ങളുടെ കണ്ണീൽ തടയും. ചില്ലലമാരിയിൽ ഇരിയ്ക്കുന്ന സമ്മോസയും മുളകുബാജിയും പഴംബോളിയും എല്ലാം ഒരു ഭൂതക്കണ്ണാടിയിൽ എന്ന വണ്ണം വളരെ വ്യക്തമായി കാണാൻ കഴിയും. അവിടെനിന്ന് കണ്ണൂകളുടെ കാന്തം ബലമായി അടർത്തിമാറ്റി കുബ്ബൂസുകളെ തിരയാൻ വിടും. സുതാര്യമായ പ്ലാസ്റ്റിക് സഞ്ചികളിൽ മുദ്ര വച്ചിരുന്ന കുബ്ബൂസുകൾ ഞങ്ങളുടെ മനസ്സിനെ, കുറച്ചൊന്നുമല്ല തണുപ്പിച്ചിട്ടുള്ളത്.
“ഒരു സുലൈമാനി, ഒരു പൊതി കുപ്പൂസ്, ഒരു പായ്ക്കറ്റ് വിൽസ്.“ എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട്, മൂന്നര ദിർഹം ഗഫൂർക്കായെ ഏൽപ്പിയ്ക്കും.
സാധനം കയ്യിൽ കിട്ടിക്കഴിയുമ്പോൾ ഞങ്ങൾ, ഈന്തപ്പനകൾക്കു കീഴിൽ നിരത്തിയിട്ടിട്ടുള്ള ഏതെൻകിലും ഒരു ബഞ്ചിൽ പോയിരുന്ന് അറുമാദിയ്ക്കാൻ തുടങ്ങും. വലിയും കുടിയും തീറ്റിയും എന്നു വേണ്ട, ആ കുപ്പൂസ്സും സുലൈമാനിയും ഒന്നു രണ്ടു വിൽസും തീരുന്നതു വരെ നാടിനേയും പുഴക്കരയേയും അൽഫോൻസാ മാമ്പഴങ്ങളേയും നന്ദുമോന്റെ സ്കൂൾ ഫീസിനേയും നടുക്കത്തെ അമ്മാവന്റെ പുരവാസ്തോലിയേയും കുറിച്ച് ഞങ്ങൾ ഒന്നും ഓർക്കില്ല. പക്ഷെ, എല്ലാം കഴിയുമ്പോൾ കുടലില്ലാത്ത കൊച്ചുകേശവപ്പണിക്കരു ചേട്ടൻ കഴിഞ്ഞ അവധിയ്ക്ക്, അമ്മയും പെങ്ങമ്മാരും നിൽക്കുമ്പോൾ പറഞ്ഞ കുത്തു വാക്ക് ഓർമ്മ വരും: “ഓ..ഇവൻ നന്നാകത്തില്ല. കിട്ടുന്ന കാശു മുഴുവൻ ഇവനു കുടിയ്ക്കാനും കൂത്താടാനും തികയില്ലെന്ന് ഞങ്ങടെ രമേശൻ വിളിച്ചപ്പോൾ പറഞ്ഞു
അതു പോകട്ടെ, അതൊക്കെ അങ്ങനെ കിടക്കും. ഈ കുടലില്ലാത്ത കൊച്ചുകേശവപ്പണിയ്ക്കർ കുടലില്ലായ്മ കൊണ്ട് എന്തെൻകിലും പറഞ്ഞു എന്നു കരുതി കുടലുള്ള നമ്മൾ അതാലോചിച്ച് വയറു ചീത്തയാക്കുന്നത് എന്തിന്..?
അതങ്ങനെ സെറ്റിൽ ആയിക്കഴിയുമ്പോൾ പിന്നെ ഞങ്ങളെ അലട്ടിയിരുന്ന ഒരേയൊരു പ്രശ്നം ബാക്കിയുള്ള ഒരു ദിർഹം എന്തു ചെയ്യും എന്നത് മാത്രമായിരുന്നു.
(തുടരും.)

No comments: